അഹമ്മദാബാദ് : കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ നടപ്പാക്കുന്ന ലൈറ്റ് ഹൗസ് പദ്ധതിയുടെ കീഴില്‍ രാജ്കോട്ടില്‍ നിര്‍മ്മിച്ച വീടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 1,144 വീടുകളുടെ ഉദ്ഘാടനമാണ് അദ്ദേഹം നിര്‍വ്വഹിക്കുക. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആളുകള്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ചു നല്കുന്ന പദ്ധതിയാണ് ലൈറ്റ് ഹൗസ്. ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാജ്കോട്ടിന് പുറമേ രാജ്യത്തെ അഞ്ച് പ്രദേശങ്ങളില്‍ കൂടി ലൈറ്റ് ഹൗസ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇന്‍ഡോര്‍, ചെന്നൈ, റാഞ്ചി, അഗര്‍ത്തല, ലഖ്നൗ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി പാവങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ദിവസം രാജ്കോട്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന എയിംസ് ആശുപത്രിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു.
Discussion about this post