ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനായ കൊവാക്സിൻ തികച്ചും സുരക്ഷിതമാണെന്നും അഭ്യൂഹങ്ങളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്നും ഐ സി എം ആർ. വാക്സിൻ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളിലാണ് ഐ സി എം ആർ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊവാക്സിൻ ഇതിനോടകം 23000 ത്തോളം പേരിൽ പരീക്ഷിച്ചതാണെന്നും വാക്സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബലറാം ഭാർഗ്ഗവ പറഞ്ഞു.
ഐസിഎംആറും ഭാരത് ബയോടെക്കും പൂണെ എൻഐവിയും ചേർന്ന് വികസിപ്പിച്ചതാണ് കൊവാക്സിൻ. ആദ്യഘട്ടത്തിൽ 325 പേരിലും രണ്ടാം ഘട്ടത്തിലും 380 പേരിലും മൂന്നാം ഘട്ടത്തിൽ 22500 പേരിലും കൊവാക്സിൻ വിജയകരമായി പരീക്ഷിച്ചതാണെന്ന് ബലറാം ഭാർഗ്ഗവ വ്യക്തമാക്കുന്നു.
ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിനായ കൊവാക്സിനെ പറ്റി വിമർശനങ്ങളുമായി പ്രതിപക്ഷത്തെ നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. ശശി തരൂർ, ജയറാം രമേശ്, അഖിലേഷ് യാദവ് എന്നിവരുടെ വിമർശനങ്ങൾ കേവലം രാഷ്ട്രീയം മാത്രമാണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചിരുന്നു. വാക്സിനിൽ പോലും രാഷ്ട്രീയം കാണുന്ന നീചമായ മാനസികാവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും കേന്ദ്ര മന്ത്രിമാർ വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post