കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ നേതൃത്വം പുതിയ ചുമതല നല്‍കിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ.
2015ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് അധികാര സ്ഥാനത്തെത്തുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ സിപിഐഎമ്മിന്റെ സിറ്റിങ്ങ് എം പി പി കെ ബിജുവിനെ അട്ടിമറിച്ചാണ് ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. രമ്യയ്ക്ക് ആശംസകളര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും സൂഹൃത്തുക്കളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.കെഎസ്‌യുവിലൂടെ പ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി.
ഗാന്ധിയനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ പി വി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആദിവാസിദളിത് സമരങ്ങളില്‍ പങ്കെടുത്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തല്‍ വീട്ടില്‍ പി ഹരിദാസന്റെയും മഹിള കോണ്‍ഗ്രസ് നേതാവ് രാധയുടെയും മകളാണ്.
എസ്എസ്എല്‍.സി പഠനത്തിനുശേഷം സ്വാന്ത് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സും അതിനുശേഷം പ്രീപ്രൈമറി ആന്റ് ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ കോഴ്‌സും രമ്യ പഠിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു.












