ന്യൂഡൽഹി : മുൻഗാമികൾ ചെയ്ത മണ്ടത്തരങ്ങൾ പിൻതുടരാൻ ഇനി ഇന്ത്യ തയ്യാറല്ല. ചൈനയുടെ ചതിയും ഉദ്ദേശ്യ ലക്ഷ്യങ്ങളേപ്പറ്റിയും നല്ല അറിവുണ്ട് നരേന്ദ്രമോദിക്ക്. പഴയതു പോലെ ഇന്ത്യ- ചൈന ഭായി ഭായി എന്ന് പറഞ്ഞ് എല്ലാം മറക്കാൻ അദ്ദേഹം തയ്യാറല്ല. ഭാവിയിൽ രണ്ട് കേന്ദ്രങ്ങളിൽ നിന്ന് ഒരേ സമയം യുദ്ധമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സൈന്യവും മനസ്സിലാക്കുന്നു. അതെ പുതിയ ഇന്ത്യ അങ്ങനെയാരുടേയും മുന്നിൽ കീഴടങ്ങാൻ തയ്യാറുള്ള രാജ്യമല്ല.
ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ എവിടെയൊക്കെ ചൈനീസ് സ്വാധീനമുണ്ടോ അതൊക്കെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. വളരെ സൂഷ്മവും ശക്തവുമായ പ്രവർത്തനങ്ങളാണ് മോദി നടപ്പിലാക്കുന്നത്. ഈയടുത്ത സമയത്ത് വന്ന രണ്ടു വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും മോദി സർക്കാരിന്റെ ദീർഘവീക്ഷണം.
കളിപ്പാട്ടങ്ങളുടെ പ്രധാന കേന്ദ്രമാക്കി ഇന്ത്യയെ വളർത്താനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി ഈ വർഷം നടത്തുന്ന ടോയ്ക്കത്തോൺ ആണ് ആദ്യത്തേത്. കേന്ദ്രമന്ത്രിമാരായ രമേഷ് പൊക്രിയാലും സ്മൃതി ഇറാനിയും ചേർന്നാണ് ടോയ്ക്കത്തോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കാവശ്യമുള്ളതിൽ എൺപതു ശതമാനം കളിപ്പാട്ടങ്ങളും നമ്മൾ ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ ഭൂരിഭാഗവും ചൈനയിൽ നിന്നാണെന്ന് പറയേണ്ടതില്ലല്ലോ. ഇതൊഴിവാക്കി ഇന്ത്യയിൽ തന്നെ കളിപ്പാട്ടങ്ങൾ നിർമ്മിക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ടോയ്ക്കത്തോൺ 2021.
ഇന്ത്യയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കാനുള്ള നൂതന ആശയങ്ങൾക്ക് വേണ്ടിയാണ് ടോയ്ക്കത്തോൺ. അദ്ധ്യാപകരേയും വിദ്യാർത്ഥികളേയുമാണ് ടോയ്ക്കത്തോണിലേക്ക് കേന്ദ്രസർക്കാർ ക്ഷണിക്കുന്നത്. നല്ല അടിപൊളി ആശയങ്ങൾ സർക്കാരിനു മുന്നിൽ എത്തിച്ചാൽ കിട്ടാൻ പോകുന്നത് അത്ര ചെറിയ സമ്മാനങ്ങളുമല്ല. അൻപത് ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളാണ് മിടുക്കരായ കളിപ്പാട്ട രൂപകൽപ്പനക്കാരെ കാത്തിരിക്കുന്നത്. ലോകത്ത് ഏഴു ലക്ഷം കോടി വിപണി മൂല്യമുള്ള കളിപ്പാട്ട നിർമ്മാണ മേഖലയിലേക്ക് ഇന്ത്യൻ നിർമ്മിത കളിപ്പാട്ടങ്ങൾ എത്തിക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഒപ്പം ചൈനയുടെ സ്വാധീനം കുറയ്ക്കുകയെന്നതും.
ഭാവിയിൽ ഊർജ്ജത്തിന്റെ പ്രധാന സ്രോതസ്സായി മാറുന്ന ലിഥിയം ബാറ്ററികൾക്ക് വേണ്ടിയാണ് ഇന്ത്യ അടുത്ത ചുവട് വയ്ക്കുന്നത്. ഇലക്ട്രിക്ക് കാറുകൾ എത്തുമ്പോൾ അതിന് ഏറ്റവും ആവശ്യമുള്ളവയാണ് ഈ ബാറ്ററികൾ. നിലവിൽ ചൈനയാണ് ലിഥിയം ബാറ്ററികളുടെ നിർമ്മാണത്തിൽ ഒന്നാം സ്ഥാനത്ത്. 2021 ഓടെ ലോകത്തിന് ആവശ്യമുള്ള ലിഥിയം ബാറ്ററികളുടെ 65 ശതമാനവും നിർമ്മിക്കുന്നത് ചൈനയായിരിക്കും. അതേസമയം ലിഥിയം റിസർവ്വ് ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയല്ല. ബൊളീവിയയും അർജന്റീനയും ചിലിയുമാണ് ഏറ്റവുമാദ്യ സ്ഥാനങ്ങളിൽ. ഈ രാജ്യങ്ങളെയാണ് ഇന്ത്യ ഇപ്പോൾ സമീപിച്ചിരിക്കുന്നത്. ഇവരുടെ ലിഥിയം ഖനികളിൽ നിക്ഷേപം നടത്തി ഇന്ത്യയിൽ ലിഥിയം ബാറ്ററികൾ ഉണ്ടാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയും കേന്ദ്രസർക്കാർ ആരംഭിച്ചു കഴിഞ്ഞു. താമസിയാതെ ഈ പദ്ധതിയും മോദി യാഥാർത്ഥ്യമാക്കും.
1962 ൽ ചൈനീസ് ചതിയിൽ മനം നൊന്ത് എല്ലാം നഷ്ടമായി വിലപിച്ചിരിക്കുന്ന ഇന്ത്യയല്ല ഇപ്പോൾ ഉള്ളത്. ഗാൽവാനിൽ ചിന്തിയ ഓരോ തുള്ളി ചോരയ്ക്കും പല രീതിയിൽ പകരം ചോദിക്കാനാണ് മോദി സർക്കാർ തയ്യാറെടുത്തിരിക്കുന്നത്. തല്ലിന് തല്ല് തന്ത്രത്തിന് തന്ത്രം. ചൈനയുടെ അധീശത്വം അംഗീകരിക്കാൻ ഇത് കരഞ്ഞു കേഴുന്ന പഴയ ഇന്ത്യയല്ല. സട കുടഞ്ഞെഴുന്നേൽക്കുന്ന പുതിയ ഇന്ത്യയാണ്..








