ഭോപ്പാല്‍ : തനിക്ക് ഹിന്ദി അറിയില്ലായിരുന്നുവെന്നും കുട്ടിക്കാലത്ത് ചായവില്പ്പനയ്ക്കിടെയാണ് ഹിന്ദി പഠിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എന്റെ മാതൃഭാഷ ഹിന്ദിയല്ലായിരുന്നു ഗുജറാത്തിയായിരുന്നു. എന്നാല്‍ ചായവില്‍പ്പനയ്ക്കിടെ ഹിന്ദി പഠിക്കാനുള്ള അവസരം ലഭിച്ചു. ഉത്തര്‍പ്രദേശുകാരയ ബിസിനസുകാര്‍ക്ക് ഞാന്‍ ചായ വില്‍ക്കാറുണ്ടായിരുന്നു. അവര്‍ക്ക് ഗുജറാത്തിയും എനിക്ക് ഹിന്ദിയും അറിയില്ലായിരുന്നു. എന്നാല്‍ സ്ഥിരമായി അവര്‍ക്ക് ചായ വിറ്റ് ഞാന്‍ ഹിന്ദി പഠിച്ചുവെന്നും മോദി പറഞ്ഞു. 10-ാമത് വിശ്വ ഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുംബൈയില്‍ താമസമാക്കിയ ഉത്തര്‍പ്രദേശുകാരായ പാല്വില്പ്പനക്കാരുമായും ബന്ധമുണ്ടായിരുന്നു. അവര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പോത്തിനെ വാങ്ങാന്‍ വരും എന്നിട്ട് ഗുഡ്സ് ട്രെയിനില്‍ കൊണ്ടു പോവുകയായിരുന്നു ചെയ്തിരുന്നത്. അങ്ങിനെ ഹിന്ദിയുമായി കൂടുതല്‍ അടുക്കാന്‍ സാധിച്ചു’ എന്നും മോദി പറഞ്ഞു. ഹിന്ദി അറിയില്ലായിരുന്നുവെങ്കില്‍ തനിക്ക് ഇപ്പോള്‍ എന്തു സംഭവിച്ചേനെയെന്നും മോദി ഓര്‍ത്തു.
ഹിന്ദിയുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. യൂറോപ്പിലും മധ്യേഷ്യയിലും ഹിന്ദി പ്രചരിപ്പിക്കാന്‍ ബോളിവുഡ് സിനിമകള്‍ വലിയ പങ്ക് വഹിക്കുന്നു. ലോകരാജ്യങ്ങളുടെ നേതാക്കള്‍ പോലും അവരുടെ പ്രസംഗങ്ങളില്‍ ഹിന്ദി വാക്കുകള്‍ പറയാന്‍ തുടങ്ങിയെന്നും മോദി ചൂണ്ടിക്കാണിച്ചു.
Discussion about this post