തിരുവനന്തപുരം : ഗവണ്മെന്റ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരത്തിലേയ്ക്ക്. സമരം നടത്തുന്ന കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ച വിഫലമായി. ഇന്നു മുതല്‍ സമരം ശക്തമാക്കുമെന്ന് അസോസിയേഷന് അറിയിച്ചു. ഡോക്ടര്‍മാര്‍ ഇന്നു കൂട്ട അവധിയെടുക്കുമെന്നും അത്യാഹിത വിഭാഗത്തിലുള്ളവരേ ഡ്യൂട്ടിക്കു ഹാജരാകൂ എന്നും അസോസിയേഷന് അറിയിച്ചു.
നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, ജില്ല, ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പിജി ഡപ്യൂട്ടേഷന് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സംഘടന മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സര്‍ക്കാരിനെ അറിയിക്കാതെയാണു സമരത്തിനിറങ്ങിയത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം തുടരുമെന്നു കെജിഎംഒഎ അറിയിച്ചു. ഇന്നു ജില്ലാതല പ്രതിഷേധ ധര്‍ണകളും നടത്തും.
നിരാഹാര സമരത്തിലായിരുന്ന അസോസിയേഷന് പ്രസിഡന്റ് ഡോ. എസ്. പ്രമീളാദേവിയെ അവശതയെത്തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post