തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാനിരിക്കെ കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്. സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചത്. നിയമസഭാ ചട്ടം ഉദ്ധരിച്ചാണ് സെക്രട്ടറിയുടെ കത്ത്.
അതേസമയം ഇന്ന് ചോദ്യം ചെയ്യലിനു അയ്യപ്പന് ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകില്ലെന്ന് അയ്യപ്പന് കസ്റ്റംസിനെ അറിയിച്ചു. ബുധനാഴ്ച രാവിലെ പത്തിനു കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് അയ്യപ്പനു കസ്റ്റംസ് നല്കിയ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടര്‍ന്നാണു കസ്റ്റംസ് ഔദ്യോഗികമായി നോട്ടീസ് നല്‍കിയത്. ഫോണിലൂടെ വിളിച്ചാല്‍ വരില്ലെന്നും നോട്ടീസ് നല്‍കണമെന്നും അയ്യപ്പന് ആവശ്യപ്പെട്ടിരുന്നു.
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താന്‍ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണു വിവരം.
Discussion about this post