തിരുവനന്തപുരം : കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു. അതേസമയം ഐ.ജിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും.
പോക്സോ കേസില്‍ അറസ്റ്റിലായ അമ്മ അട്ടക്കുളങ്ങര വനിതാജയിലിലാണ്. ആദ്യം നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിവന്നേക്കും. ജാമ്യം ലഭിച്ചാലും ഇല്ലങ്കിലും കേസിന്റെ സാഹചര്യം അപ്പാടെ മാറിയെന്ന് കോടതിയെ അറിയിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
അന്വേഷണത്തിന് ഐ.ജിയെ ചുമതലപ്പെടുത്തി ഡി.ജി.പി ഉത്തരവിട്ടത് പരാതിയുടെ നിജസ്ഥിതിയില്‍ പൊലീസിന് തന്നെ സംശയം ഉള്ളതിനാലാണെന്ന് ചൂണ്ടിക്കാട്ടും. അതേസമയം വിവാദസംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണ് ഇക്കാര്യം.
പൊലീസ് കേസില്‍ അനാവശ്യ തിടുക്കം കാണിച്ചെന്ന് വനിത കമ്മീഷന്‍ ഉള്‍പ്പെടെ ആക്ഷേപം ഉന്നയിച്ചിരുന്നു. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയമകന്‍ കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞിരുന്നു. പൊലീസിന് എതിരെ സി ഡബ്ല്യു സിയും രംഗത്ത് എത്തിയിരുന്നു.
ഇതിനിടെ കടയ്ക്കാവൂരില്‍ അമ്മയ്ക്ക് എതിരായ പോക്സോ കേസില്‍ എഫ് ഐ ആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേര്‍ത്ത സംഭവത്തില്‍ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ശിശുക്ഷേമ സമിതി.സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശിശുക്ഷേമ സമിതി.
Discussion about this post