ഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി നല്കുന്ന ഒന്നാംഘട്ട വാക്സിനേഷനില്‍ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. രാഷ്ട്രീയക്കാര്‍ അവരുടെ അവസരത്തിനായി കാത്തു നില്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എംപിമാരെയും എംഎല്‍എമാരും പോലുള്ള ജനപ്രതിനിധികളെ ആദ്യ ഘട്ടത്തില്‍ വാക്സിനേഷനായി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹരിയാണ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ഒരു കോടിയോളമുള്ള ആരോഗ്യപ്രവര്‍ത്തകരും പോലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി രണ്ടു കോടിയോളം കോവിഡ് മുന്നണി പ്രവര്‍ത്തകരുമാണ് ആദ്യ ഘട്ട വാക്സിനേഷനില്‍ സര്‍ക്കാറിന് മുന്‍ഗണനാ പട്ടികയിലുള്ളത്. ഇവര്‍ക്ക് സൗജന്യമായിട്ടായിരിക്കും വാക്സിന് ലഭിക്കുക.
സംസ്ഥാനങ്ങള്‍ വാക്സിന് വാങ്ങുന്നത് സംബന്ധിച്ചും ഇന്ന് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ‘സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തമായി വാങ്ങുകയാണെങ്കില്‍ കമ്പനികള്‍ക്ക് വിലനിര്‍ണ്ണയത്തിന്റെ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. കേന്ദ്ര സര്‍ക്കാരിനെ പോലെ ഒരു ഏജന്‍സി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് നല്ലത്. ഇതായിരിക്കും രാജ്യത്തിന് നല്ലത്’ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post