ഇസ്താംബുൾ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുകയും ചാരവൃത്തി നടത്തുകയും ചെയ്തതിന് മതപ്രഭാഷകനും സംഘത്തിനും തടവ് ശിക്ഷ. മുസ്ലീം ടെലിവിഷൻ മതപ്രഭാഷകൻ അദ്നാന്‍ ഒക്തര്‍ക്കും കൂട്ടാളികൾക്കുമാണ് തുർക്കിഷ് കോടതി ശിക്ഷ വിധിച്ചത്.
സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ മതക്ലാസുകൾ നല്‍കി വന്നിരുന്ന പ്രഭാഷകനാണ് ഒക്തർ. ക്രിമിനൽ സംഘം രൂപീകരിക്കുക, രാഷ്ട്രീയ, സൈനിക ചാരവൃത്തിയില്‍ ഏര്‍പ്പെടുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ബലാത്സംഗം ചെയ്യുക, ബ്ലാക്ക് മെയില്‍ ചെയ്യുക, പീഡിപ്പിക്കുക തുടങ്ങി പത്തോളം കുറ്റങ്ങൾക്കായി 1,075 വര്‍ഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ പതിമൂന്ന് കൂട്ടാളികൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.
വിവാദ മുസ്ലീം പുരോഹിതൻ ഫെത്തുല്ല ഗുലന്റെ നേതൃത്വത്തിലുള്ള സംഘവുമായി ബന്ധം പുലർത്തിയതും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് പറഞ്ഞ ഒക്തര്‍ വിധിന്യായത്തിനെതിരേ അപ്പീല്‍ നല്‍കാൻ തീരുമാനിച്ചു.












