തിരുവനന്തപുരം : മലയാളം സാമൂഹ്യപാഠ പുസ്തകത്തിൽ ശസ്ത്രക്രിയയുടെ പിതാവായി അറബ് ഭിഷഗ്വരനായ അബു അൽ ഖാസിമിനെ രേഖപ്പെടുത്തിയതിൽ പ്രതിഷേധം ഉയരുന്നു. ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ശസ്ത്രക്രിയയുടെ പിതാവ് എന്ന പേരിൽ ഖാസിമിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്. ശസ്ത്രക്രിയയുടെ പിതാവായി ലോകം അംഗീകരിച്ച സുശ്രുതനെ ഒഴിവാക്കിയതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്.
സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തിൽ മുപ്പത്തിനാലാം പേജിലാണ് വിവാദമായ പാഠ ഭാഗം. പണ്ഡിതന്മാരും സംഭാവനകളും എന്ന ശീർഷകത്തിലാണ് അബു അൽ ഖാസിമിനെ ശസ്ത്രക്രിയയുടെ പിതാവായി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഇന്ത്യൻ ഭിഷഗ്വരനായ സുശ്രുത മുനിയാണ് ആദ്യമായി ശസ്ത്രക്രിയ നടത്തിയതെന്ന് ലോകം അംഗീകരിക്കുമ്പോഴാണ് ശസ്ത്രക്രിയയുടെ പിതാവായി അബു അൽ ഖാസിമിയെ ഉയർത്തിക്കാട്ടുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
സി.ഇ 936-1013 കാലഘട്ടത്തിലാണ് അബു അൽ ഖാസിമി ജീവിച്ചിരുന്നത്. അതിനും ആയിരം വർഷങ്ങൾക്ക് മുൻപ് സുശ്രുതൻ ശസ്ത്രക്രിയ നടത്തുകയും അതിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് സുശ്രുത സംഹിത എന്ന പുസ്തകം എഴുതുകയും ചെയ്തെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. വിവാദമായ പാഠഭാഗം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ഉയർന്നത്.












