ഡൽഹി: വിദേശ വാക്സിനുകൾക്ക് കർശനമായ പ്രാദേശിക ബ്രിഡ്ജിംഗ് സുരക്ഷാ പഠനങ്ങൾക്ക് ശേഷം മാത്രമേ രാജ്യത്ത് വിതരണാനുമതി നൽകൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ നിബന്ധന രാജ്യത്തിന്റെ രോഗ പ്രതിരോധ പ്രോട്ടോക്കോളിന്റെ ഭാഗമാണ്. ഫൈസർ വാക്സിനും ഇത് ബാധകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനിക്കയും ചേർന്ന് വികസിപ്പിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിനും സമാനമായ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമാണ് രാജ്യത്ത് വിതരണാനുമതി നൽകിയത്. ആയിരത്തിയഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ചായിരുന്നു പഠനം.
കഴിഞ്ഞ മാസം രാജ്യത്ത് വാക്സിൻ വിതരണത്തിന് ഫൈസർ അനുമതി തേടിയിരുന്നു. എന്നാൽ ചട്ടത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. തുടർന്നുള്ള യോഗങ്ങളിൽ കമ്പനി ഉദാസീന സമീപനം തുടർന്നതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയുടെ സ്പുട്നിക് V വാക്സിനും ഇന്ത്യയിൽ വിതരണാനുമതി തേടിയിരുന്നു. ഇത് അവസാന ഘട്ട ട്രയലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അനുമതി ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കുന്നു.
Discussion about this post