ന്യൂഡൽഹി : മോദി സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളിൽ വീണ്ടും വിജയചരിത്രം കുറിച്ചുകൊണ്ട് ലോക നേതാക്കൾ ഇന്ത്യയിലേക്ക്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 18 മുതൽ 22 വരെ അദ്ദേഹം ഇന്ത്യയിൽ ഉണ്ടാകും. കൂടാതെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഫെബ്രുവരി 17 മുതൽ 19 വരെയാണ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യ സന്ദർശനം.
ഫെബ്രുവരി 19-20 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന AI ഇംപാക്റ്റ് ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുക്കും. ഫെബ്രുവരി 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ലുലയും തമ്മിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടക്കും, വ്യാപാരം, ഊർജ്ജം, കൃഷി, കാലാവസ്ഥാ വ്യതിയാനം, പ്രതിരോധ സഹകരണം, പുതിയ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രസീൽ പ്രസിഡന്റ് പ്രസിഡന്റ് ദ്രൗപതി മുർമുവുമായും കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു വിരുന്ന് സംഘടിപ്പിക്കും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.
2047 വരെയുള്ള ഒരു റോഡ്മാപ്പിന് കീഴിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദർശനം. പ്രതിരോധം, ബഹിരാകാശം, സമുദ്ര സുരക്ഷ, ശുദ്ധമായ ഊർജ്ജം, ഇന്തോ-പസഫിക് മേഖലയിലെ പങ്കാളിത്തം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പ്രത്യേക ശ്രദ്ധ ചെലുത്തും. കൂടാതെ സുപ്രധാനമായ ഒരു പ്രതിരോധ കരാർ ഒപ്പിടാനും സാധ്യതയുണ്ട്.








