ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പുതിയ ഡിസൈൻ ഫോട്ടോകൾ പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. വ്യത്യസ്ത സൗകര്യങ്ങളോടൊപ്പം എല്ലാ ആവശ്യങ്ങളും ഒരേ സ്ഥലത്ത് യാത്രക്കാർക്ക് നൽകുമെന്നും ഫോട്ടോ പങ്കുവെച്ച്കൊണ്ട് റെയിൽവെ മന്ത്രി അറിയിച്ചു.
സ്റ്റേഷന്റെയും അനുബന്ധ പ്രദേശങ്ങളുടെയും പുനർവികസന പദ്ധതിക്ക് ഏകദേശം 5,000 കോടി രൂപയോളം ചിലവാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രദേശവുമായി ബന്ധപ്പെട്ട വാണിജ്യ വികസനത്തിന് 1,200 കോടി രൂപ പ്രത്യേകമായി ചിലവാകും. സ്വകാര്യ പൊതു പങ്കാളിത്തത്തിലൂടെ ഈ പണം സ്വരൂപിക്കാനാണ് സർക്കാർ തീരുമാനം.
താൽപ്പര്യം പ്രകടിപ്പിക്കുന്ന സ്വകാര്യ പങ്കാളികളെ ബിഡ് വഴി ജൂൺ 21 നകം തീരുമാനിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.സിംഗപ്പൂർ, ഓസ്‌ട്രേലിയ, ദുബായ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും ഡവലപ്പർമാരുമായി ജനുവരി 14 മുതൽ 19 വരെ ഓൺലൈനായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തും.
സ്റ്റേഷൻ പരിസരത്തോടൊപ്പം ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും നിർമിക്കും. രണ്ട് മൾട്ടി-മോഡൽ ഗതാഗത കേന്ദ്രങ്ങൾ, സ്റ്റേഷന്റെ ഇരുവശത്തും 40 നിലകളുള്ള ഇരട്ട ടവറുകൾ, കാൽനടയാത്രക്കാരുടെ സൗകര്യാർത്ഥം പ്രത്യേക റൂട്ടുകൾ എന്നിവ ഉണ്ടാകും. രാജ്യത്തെ 62 റെയിൽവെ സ്റ്റേഷനുകൾ ഈ രീതിയിൽ നവീകരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
Discussion about this post