ശ്രീനഗർ: നൂറ്റാണ്ടുകൾ നീണ്ട ഇരുട്ട് നീങ്ങി പ്രകാശം പരന്നതിന്റെ ആഹ്ളാദത്തിൽ ജമ്മു കശ്മീരിലെ ടാന്റ ഗ്രാമം. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കി പോരുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് ഗ്രാമത്തിൽ വൈദ്യുതി എത്തിയത്. ഗ്രാമവാസികളുടെ ഒരു സംഘം ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണ്ണർ മനോജ് സിൻഹയുടെ ജനസമ്പർക്ക പരിപാടിയിൽ പ്രശ്നം അവതരിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം കേന്ദ്ര പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിൽ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഒരു മാസത്തിനുള്ളിൽ വൈദ്യുതി എത്തിക്കാനായിരുന്നു ലഫ്റ്റ്നന്റ് ഗവർണ്ണർ നിർദ്ദേശം നൽകിയത്. എന്നാൽ പത്ത് ദിവസത്തിനുള്ളിൽ വൈദ്യുതീകരണം സാദ്ധ്യമാകുകയായിരുന്നു.
മക്കൾ ടോർച്ച് ലൈറ്റിന്റെ പ്രകാശത്തിലാണ് പഠിച്ചിരുന്നതെന്നും വൈദ്യുതി ഇല്ലാത്ത അവസ്ഥയിൽ ജീവിച്ചതിന്റെ പ്രയാസങ്ങൾ നിരവധിയായിരുന്നെന്നും ഗ്രാമവാസിയായ മുഹമ്മദ് ഇബ്രാഹിം ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇപ്പോഴാണ് വികസനം എന്തെന്ന് ഗ്രാമം അറിയുന്നത്. മക്കളുടെ ഭാവിയിലേക്കാണ് വെളിച്ചം വീണിരിക്കുന്നതെന്ന് മുഹമ്മദ് റംസാൻ എന്ന ഗ്രാമീണൻ പറഞ്ഞു.
ഗ്രാമത്തിൽ വൈദ്യുതി എത്തിയത് വിപ്ലവകരമായ മാറ്റമാണെന്നും ഇതിന് കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളോട് നന്ദി പറയുകയാണെന്നും പ്രാദേശിക വികസന സമിതി അദ്ധ്യക്ഷ ഫാത്തിമ ബീഗം അഭിപ്രായപ്പെട്ടു.








