ഡൽഹി: രക്തസാക്ഷി ദിനമായ ജനുവരി 30ന് രാജ്യത്ത് രണ്ട് മിനിറ്റ് മൗനാചരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാവിലെ 11 മണി മുതൽ രണ്ട് മിനിറ്റ് മൗനം ആചരിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് മൗനാചരണം. ചടങ്ങിന്റെ ഭാഗമായി രണ്ട് മിനിറ്റ് നേരം ജോലികൾ നിർത്തിവെക്കണം. ചലിക്കാതെ രണ്ട് മിനിറ്റ് നേരം മൗനമാചരിക്കണം എന്നാണ് കേന്ദ്ര നിർദ്ദേശം.
മൗനാചരണം എല്ലാ വർഷവും നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. സാധ്യമായ എല്ലായിടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സൈറൺ മുഴക്കണം. സൈറൺ കേൾക്കുമ്പോൾ ജനങ്ങൾ എഴുന്നേറ്റ് നിന്ന് മൗനമാചരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Discussion about this post