ഗാസിയാബാദ്: രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി 29ാം ദിവസം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്ത് ചന്ദന്‍ പാണ്ഡെ എന്നയാള്‍ക്കാണ് ഗാസിയാബാദിലെ സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജിയായ മഹേന്ദ്ര ശ്രീവാസ്തവ പരമാവധി ശിക്ഷയായ മരണശിക്ഷ വിധിച്ചത്.
ഈ കേസിന്റെ നടപടിക്രമങ്ങളെല്ലാം വളരെ വേഗത്തിലാണ് നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരാതി ലഭിച്ച ഉടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിലരെ സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചതോടെ പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ ചന്ദന്‍ പാണ്ഡെ ആയിരുന്നു. ചോദ്യംചെയ്യലില്‍ അയാള്‍ കുറ്റങ്ങള്‍ നിഷേധിച്ചു. മാത്രമല്ല അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമിച്ചു.
എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം ഏറ്റു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
കഴിഞ്ഞമാസം 29നായിരുന്നു കുറ്റപത്രം നല്‍കിയത്. ഇത്രയും വേഗത്തില്‍ വിധി പറഞ്ഞത് നീതിന്യായ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണെന്നാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ പറയുന്നത്.
Discussion about this post