മലപ്പുറം: പാണ്ടിക്കാട് 17 വയസുകാരിയെ പീടിപ്പിച്ച കേസിൽ അറസ്റ്റ് തുടരുന്നു. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47) എന്നിവർ അറസ്റ്റിലായി.
രഹ്നയെ പാണ്ടിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ കൂട്ടുനിന്നതാണ് ഇവരുടെ പേരിലുള്ള കേസ്. ഇവരുടെ ഭർത്താവ് മുജീബ് റഹ്മാനും, പിതാവ് സമീർ ബാബുവും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.
ഇതിൽ മുജീബ് റഹ്മാൻ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. ഇവരെ കൂടാതെ കേസിലെ ഇരയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ച മറ്റ് ചിലരെ കൂടി യുവതിയും ഭർത്താവും സഹായിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കരുവാരക്കുണ്ട് പൊലീസാണ് പ്രതി സാദിഖിനെ അറസ്റ്റ് ചെയ്തത്.
സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരു യുവാവും അറസ്റ്റിലായിട്ടുണ്ട്. ഇയാളെ പൊലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. 44 ഓളം പ്രതികളാണ് കേസിലുള്ളത്.












