നീലഗിരി: ആനയെ ടയറിൽ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്. കെട്ടിടം ഉടമസ്ഥനായ പ്രസാദ്, സഹായി റെയ്മണ്ട് എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമനായ റിക്കിഎന്നയാൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക ദൗത്യ സംഘം രൂപീകരിച്ചു.
പിടിയിലായ പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണം നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേര്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിഞ്ഞു കൊല്ലുന്നതിന്റെ ഹൃദയം നുറുങ്ങുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
രണ്ട് മാസം മുൻപായിരുന്നു സംഭവം. ഗുരുതര പരുക്കേറ്റ നിലയില്‍ മസിനഗുഡി- സിങ്കാര റോഡില്‍ ഈ കാട്ടാനയെ കഴിഞ്ഞയാഴ്ചചയാണ് വനം വകുപ്പ് കണ്ടെത്തിയത്. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന. മുറിവേറ്റ ഭാഗത്തുനിന്നു രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു. ആനയ്ക്ക് ഭക്ഷണത്തില്‍ മരുന്നുവച്ചു നല്‍കിയെങ്കിലും കഴിഞ്ഞദിവസം ചെരിയുകയായിരുന്നു.









