ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്. രാജ്പഥിൽ ചൊവ്വാഴ്ച നടക്കുന്ന പരേഡിൽ ലഡാക്കിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തിക്സെ മഠത്തിന്റെ നിശ്ചല ദൃശ്യവും ഉണ്ടാകും. 2019 ൽ ജമ്മു കശ്മീർ പുനരേകീകരണത്തിലൂടെ രൂപം കൊണ്ട കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ ഉത്സവ ഛായയിലാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം.
ടാബ്ലോയുടെ അന്തിമ റിഹേഴ്സൽ കണ്ട ശേഷം അത്യന്തം ആവേശഭരിതരായാണ് ലഡാക്കിലെ ജനങ്ങൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ലോകത്തിന്റെ നെറുകയിൽ എത്തിയ സന്തോഷമാണ് അനുഭവപ്പെടുന്നത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
സ്വന്തം വ്യക്തിത്വത്തിൽ അറിയപ്പെടാൻ എഴുപത് വർഷത്തിൽ അധികമായി പരിശ്രമിക്കുന്ന തങ്ങൾക്ക് 2019ലാണ് അത് സാധിച്ചത്. അതിന് മോദി സർക്കാരിനോടുള്ള നന്ദി പ്രകാശനം കൂടിയാകും പരേഡിലെ തങ്ങളുടെ പ്രകടനമെന്ന് ടാബ്ലോ കലാകാരന്മാർ പറഞ്ഞു.
പരേഡിൽ പങ്കെടുക്കുന്ന പരമ്പരാഗത ലഡാക്കി വസ്ത്രങ്ങൾ ധരിച്ച പതിനൊന്നംഗ സംഘത്തിൽ അഞ്ച് വനിതകളുണ്ട്. സ്വന്തം ദേശത്തിന്റെ നാമധേയത്തിൽ രാജ്യത്തിന് മുന്നിൽ പ്രത്യക്ഷപ്പെടാൻ സാധിക്കുന്നത് സ്വപ്നതുല്യമായ അഭിമാന മുഹൂർത്തമാണെന്ന് സംഘാംഗമായ വനിത ദീക്ഷിത് പാൽമൊ വ്യക്തമാക്കി.
ലേയിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന പുരാതന മഠമാണ് തിക്സെ. മേഖലയിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം. തിക്സെ ദേവാലയത്തിന്റെ നിശ്ചല ദൃശ്യത്തിനൊപ്പം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വലിയ നിശ്ചല ദൃശ്യം കൂടി സാംസ്കാരിക ഘോഷയാത്രയിൽ അവതരിപ്പിക്കുന്നുണ്ട്. ഐ എൻ എ യൂണിഫോം ധരിച്ചു നിൽക്കുന്ന നേതാജിക്കൊപ്പം സ്വാതന്ത്ര്യ സമര ഭടന്മാരും നിൽക്കുന്ന തരത്തിലുള്ളതാണ് നിശ്ചല ദൃശ്യം.
Discussion about this post