തിരുവനന്തപുരം : മൂന്നാറില്‍ നടന്നു വരുന്ന തോട്ടം തൊഴിലാളികളുടെ സമരസ്ഥലത്തേയ്ക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദന്‍ യാത്രതിരിച്ചു. മൂന്നാറില്‍പോകുന്നത് എസ്.രാജേന്ദ്രന്‍ എംഎല്‍എയെ കാണാനല്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തൊഴിലാളികളുടെ അടുത്തേക്കാണ് താന്‍ പോകുന്നത്. സമരം തീരുന്നതുവരെ മൂന്നാറില്‍ തുടരുമെന്നും വി.എസ് പറഞ്ഞു.
കണ്ണന്‍ ദേവന്‍ ഹില്‍ പ്ലൂന്റേഷന്‍ കമ്പനിയില്‍ ബോണസ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സ്ത്രീത്തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒമ്പതാംദിവസത്തിലേക്ക്. ഞായറാഴ്ച ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് പ്രതീക്ഷ. എന്നാല്‍, ശനിയാഴ്ച ഉച്ചയോടെ തൊഴിലാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ. എസ്.രാജേന്ദ്രന്‍ ശനിയാഴ്ച രാവിലെ നിരാഹാരസമരം ആരംഭിച്ചു. കഴിഞ്ഞദിവസം എം.എല്‍.എ. സമരമുഖത്തെത്തിയപ്പോള്‍ സ്ത്രീകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ഭയന്ന് മറ്റുപാര്‍ട്ടികളുടെ നേതാക്കളാരും സമരത്തിന്റെ അടുത്തേക്കുപോലും പോകുന്നുമില്ല.
പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ രാവിലെമുതല്‍ തൊഴിലാളികള്‍ക്കിടയിലുണ്ടായിരുന്നു. തൊഴിലാളികള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ച ഏകനേതാവും ബിജിമോളാണ്. ഉച്ചതിരിഞ്ഞ് ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ് സ്ഥലത്തെത്തി. ആദ്യം ചില്ലറ എതിര്‍പ്പുയര്‍ത്തിയെങ്കിലും പിന്നീടവര്‍ എം.പി.യെ സ്വീകരിച്ചു. തൊഴിലാളികള്‍ക്കിടയില്‍ നിന്ന് അദ്ദേഹം പ്രസംഗിക്കുകയുംചെയ്തു.
ശനിയാഴ്ച വൈകീട്ട് കോടിയേരിയുടെ സാന്നിധ്യത്തില്‍ മൂന്നാറില്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. കമ്പനി ലോക്കൗട്ടിലേക്കു പോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഇതില്‍ കോടിയേരി നിര്‍ദേശിച്ചു. ഞായറാഴ്ചത്തെ ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ മറ്റു യൂണിയനുകളെയും ചേര്‍ത്ത് സമരരംഗത്തിറങ്ങാനാണ് സി.പി.എം. തീരുമാനിച്ചിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി നേതാവ് സാറാ ജോസഫും ശനിയാഴ്ച തൊഴിലാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി.
Discussion about this post