ഭുവനേശ്വര്‍ : പാര്‍ലമെന്റ് ആര്.എസ്.എസ് ശാഖയല്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ഥിരമായി പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നുവെന്ന സര്‍ക്കാറിന്റെ ആരോപണത്തിന് മറുപടിയായാണ് സര്‍ക്കാറിനും മോദിക്കുമെതിരെ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തത്തെിയത്.
സുപ്രധാന വിഷയങ്ങളിലൊന്നും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കുമുള്ള വേദിയാണ്. അവിടെ പ്രതിപക്ഷത്തിനും അവരുടേതായ ഇടമുണ്ട്. പക്ഷേ, ചരക്കുസേവന നികുതിയും ഭൂമി ബില്ലും ഉള്‍പ്പെടെ ഒന്നിലും സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ തയാറാവുന്നില്ല. എല്ലാം അടിച്ചേല്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്ഗെയെപ്പോലും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ചരക്കുസേവന നികുതി ബില്ലിലെ 28 ശതമാനം പരമാവധി സ്ളാബ്, തര്‍ക്കപരിഹാര സംവിധാനം എന്നിവയില്‍ കോണ്‍ഗ്രസിന് അഭിപ്രായവ്യത്യാസമുണ്ട്. സര്‍ക്കാര്‍ അഭിപ്രായം കേള്‍ക്കാന്‍ തയാറാവണം.
നാഗ വിമതരുമായി സര്‍ക്കാര്‍ ഉണ്ടാക്കിയെന്നു പറയുന്ന കരാറിനെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. മണിപ്പൂര്‍, അസം, അരുണാചല്‍പ്രദേശ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെപ്പോലും ഒന്നും അറിയിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.
മോദി സര്‍ക്കാറിന്റെ വിഭാഗീയ നയങ്ങള്‍ക്കും നവീന്‍ പട്നായിക്ക് സര്‍ക്കാറിന്റെ അഴിമതിക്കുമെതിരെ ഒന്നിക്കാന്‍ അദ്ദഹം പാര്‍ട്ടി അണികളോട് ആഹ്വാനം ചെയ്തു.
Discussion about this post