ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ വ്യാപക പ്രതിഷേധം. സിംഗു അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇവര്‍ ദേശീയ പതാകയേന്തി സ്ഥലത്ത് മാര്‍ച്ച് നടത്തി. രാഷ്ട്രീയപാര്‍ട്ടികളുടെ പേരിലല്ല തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചെന്നും തങ്ങളുടെ വ്യവസായത്തെ കര്‍ഷകരുടെ സമരം മോശമായി ബാധിച്ചെന്നും യുവാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രദേശത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ ഇരുവശവും കടക്കാതിരിക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കി. റിപ്പബ്ലിക് ദിനത്തിലെ ആക്രമണത്തെ തുടര്‍ന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ രണ്ട് വിഭാഗമായി തിരിഞ്ഞിരുന്നു. സംയുക്ത് കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് എന്നിവയാണ് വെവ്വേറെയായി സമരം ചെയ്യുന്നത്. രണ്ട് വിഭാഗങ്ങളും സമരത്തിലെ ആക്രമണത്തിന് പിന്നില്‍ നടന് ദീപ് സിദ്ദുവാണെന്ന് ആരോപിക്കുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന കര്‍ഷകരില്‍ പലരും അതുപേക്ഷിച്ച് ശക്തമായി സമരം തുടരുകയാണ്.
ഇതിനിടെ ഗാസിപുരിയില്‍ സമരഭൂമിയിലേക്കുളള വൈദ്യുതി, ജല കണക്ഷനുകള്‍ വിച്ഛേദിച്ചു. ഇവിടെനിന്നും രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ കര്‍ഷകര്‍ക്ക് നോട്ടീസും നല്‍കിയിട്ടുമുണ്ട്.
Discussion about this post