ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിന് ഉപയോഗിച്ചത് പി ഇ ടി എന്‍ എന്നറിയപ്പെടുന്ന സ്‌ഫോടക വസ്തു. ആഗോളതലത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണിത്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് 9 വാട്ട് ബാറ്ററിയും കണ്ടെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരു മാസത്തിനിടെ ഡല്‍ഹിയിലെത്തിയ ഇറാന്‍ സ്വദേശികളുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ഇന്നലെ ഇറാനില്‍ നിന്നുള്ള ചിലരെ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ‘ജെയ്ഷ് ഉല്‍ ഹിന്ദ്’ എന്ന സംഘടന ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം പാരീസിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ നിന്ന് സ്‌ഫോടക വസ്തു കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹമായി കണ്ട കാറും മുമ്പ് നടന്ന അക്രമണവും തമ്മില്‍ ബന്ധമുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുകയാണ്.സംഭവസ്ഥലത്തുനിന്ന് ഇസ്രായേലി അംബാസിഡര്‍ എന്നെഴുതിയ ഒരു കവര്‍ കണ്ടെടുത്തിട്ടുണ്ട് സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുള്ളില്‍ ഉള്ളത്.
ആക്രമണത്തിന് പിന്നില്‍ ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഇസ്രയേല്‍ എംബസിക്ക് സമീപത്തെ എ പി ജെ അബ്ദുള്‍ കലാം റോഡിലായിരുന്നു സ്ഫോടനം. സ്‌ഫോടനത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പ്രദേശം പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്ഫോടകവസ്തു.








