ദുബായ്: പ്രവാസികള്‍ക്കും കേരളത്തിനും ലഭിക്കുന്ന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര ബഡ്ജറ്റിനെ മാന്ത്രിക ബഡ്ജറ്റ് എന്ന് വിശേഷിപ്പിച്ച് പ്രവാസി വ്യവസായി എം.എ യൂസഫലി. പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ബജിറ്റിനെതിരെ രംഗത്തുവന്ന വേളയിലാണ് യൂസഫലി സ്വാഗതം ചെയ്തിരിക്കുന്നത്. കൊറോണ കാലത്തെ മാന്ത്രിക ബജറ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ആരോഗ്യ, കാര്‍ഷിക മേഖലയെ ബജറ്റില്‍ പരിഗണിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ പാക്കേജും വാക്സിന് വേണ്ടി തുക വകയിരുത്തിയതുമെല്ലാം സാധാരണക്കാര്‍ക്ക് നേട്ടമാണ്. കേരളത്തിലെ ഗതാഗത മേഖലയ്ക്ക് തുക വകയിരുത്തിയതും പ്രയോജനപ്രദമാണ്. കൊച്ചി തുറമുഖ പദ്ധതിയും അദ്ദേഹം എടുത്തുപറയുന്നു.
ഒരാള്‍ മാത്രമുള്ള കമ്പനി ആരംഭിക്കാമെന്ന നിര്‍ദേശം പ്രവാസികള്‍ക്ക് ഗുണം ചെയ്യും. നേരത്തെ പ്രവാസിക്ക് നാട്ടില്‍ കമ്പനി ആരംഭിക്കണമെങ്കില്‍ ഒന്നിലധികം പേര്‍ വേണമായിരുന്നു. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കിയ കാര്യവും എടുത്തു പറഞ്ഞ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മല സീതാരാമനെയും അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post