മ്യൂണിക്ക് : ബോംബ് ഭീഷണിയെത്തുടര്‍ന്ന് മ്യൂണിക് റയില്‍വേ സ്റ്റേഷന് ഒഴിപ്പിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് തടയിടാന്‍ ജര്‍മ്മനി കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ഞായറാഴ്ച രണ്ടു മണിക്കൂറോളം റെയില്‍വേ സ്റ്റേഷന് അടച്ചിട്ടതായിട്ടാണ് വിവരം.
മ്യൂണിക്കിലെ പ്രധാന സ്റ്റേഷനിലാണ് ബോംബ് ഭീഷണിയുണ്ടായത്. പൊലീസ് നായയും പ്രത്യേക സ്ക്വാഡും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്കാര്‍ക്കായി സ്റ്റേഷന് പിന്നീട് തുറന്നുകൊടുത്തത്. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞ സമയത്തായിരുന്നു ഭീഷണി. സംഭവം ഗതാഗത സംവിധാനത്തെ താറുമാറാക്കി. നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
വിദഗ്ദ്ധര്‍ എല്ലാ ബാഗുകളും സൂഷ്മമായി പരിശോധനയ്ക്ക് വിധേയമായി. അഭയാര്‍ത്ഥികള്‍ക്കായി ജര്‍മ്മന്‍ റയില്‍വേ കമ്പനി ഡ്യൂഷേ ബാന്‍ ട്രെയിന്‍ നിര്‍ത്തിയ ദിവസം തന്നെയാണ് ബോംബു ഭീഷണിയും ഉയര്‍ന്നത്. ശനിയാഴ്ച മാത്രം മ്യൂണിക്ക് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ 13,000 അഭയാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നിരുന്നു. അതിനിടെ അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമായതോടെ തടയിടാനുള്ള നീക്കം ജര്‍മ്മനി തുടങ്ങി. ഇതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ്.
Discussion about this post