ഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘമെത്തും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും സംഘത്തിന് നേതൃത്വം നൽകുക.
കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യകേ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കും. കേരളത്തിലും മഹാരാഷ്ട്രയിലും ആണ് നിലവില്‍ രാജ്യത്തിലെ കോവിഡ് ചികിത്സയിലുള്ള രോഗികളില്‍ 70 ശതമാനം പേരുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്ന സംഘമാണ് കേരളത്തിലെത്തുക.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് മാസങ്ങൾക്ക് ശേഷം ആദ്യമായി പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8635 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്.








