ദുബായ്: അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ന്യൂസിലാൻഡ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റി വെച്ചതോടെയാണ് ന്യൂസിലാൻഡിന്റെ ഫൈനൽ പ്രവേശം സാദ്ധ്യമായത്.
നിലവിലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നത് ടീമംഗങ്ങളുടെയും മറ്റ് സ്റ്റാഫിന്റെയും ആരോഗ്യ സ്ഥിതിക്ക് ഗുണകരമല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റി വെക്കാൻ തീരുമാനിച്ചതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ഫൈനലിൽ ന്യൂസിലാൻഡിന്റെ എതിരാളികളാവാൻ സാധ്യതയുള്ള ടീമുകൾ ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ്. ഇതോടെ ഈ ടീമുകളുടെ ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാകും.












