വിശാഖപട്ടണം: കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം. പൊലീസെത്തിയപ്പോൾ കൂട്ട ആത്മഹത്യാ ഭീഷണി. ഒടുവിൽ കുടുംബത്തെ പുറത്തെത്തിക്കാൻ കമാൻഡോ മോഡൽ പദ്ധതിയുമായി പൊലീസ്.
അന്ധവിശ്വാസത്തിനടിമപ്പെട്ട് രണ്ട് യുവതികളെ മാതാപിതാക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആന്ധ്രാപ്രദേശില്‍ നിന്നുമാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിശാഖപട്ടണത്തിന് സമീപം അസീസ് എന്നയാളുടെ വീട്ടിൽ മന്ത്രവാദം നടക്കുകയാണെന്നും ജനാലകളും വാതിലുകളും അടച്ച് വീട്ടുകാര്‍ മണിക്കൂറുകളായി അകത്തിരിക്കുകയാണെന്നും നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ എത്രവിളിച്ചിട്ടും വാതില്‍ തുറക്കാനോ പുറത്തുവരാനോ വീട്ടുകാര്‍ തയ്യാറായില്ല.കുടുംബനാഥനും 45കാരനുമായ അസീസും ഭാര്യയും ഒരു മകനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ പുറത്തുവരാന്‍ തയ്യാറാവാത്തതോടെ വാതില്‍ പൊളിച്ച് ഉളളില്‍ കടക്കാന്‍ പൊലീസ് തീരുമാനിച്ചു.
പൊലീസുകാര്‍ വീട്ടില്‍ കടക്കാന്‍ ശ്രമിച്ചാല്‍ കഴുത്തറുത്ത് എല്ലാവരും ആത്മഹത്യ ചെയ്യുമെന്ന് അസീസ് അറിയിച്ചു.പൊലീസുകാര്‍ എത്രയുംപെട്ടെന്ന് വീട്ടില്‍ നിന്ന് പോകണമെന്നും അയാള്‍ ആവശ്യപ്പെട്ടു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം കമാൻഡോ മോഡൽ ദൗത്യത്തിലൂടെ അകത്ത് കടന്ന പൊലീസ് കുടുംബാംഗങ്ങളെ പുറത്തെത്തിക്കുകയായിരുന്നു. പൊലീസിനെ ചെറുക്കാൻ ശ്രമിച്ച് തളർന്നു വീണ ഇവരെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
സംഭവ സ്ഥലത്ത് പൂജാദ്രവ്യങ്ങള്‍, മഞ്ഞള്‍, നാരങ്ങ തുടങ്ങിയവ ചിതറിക്കിടക്കുകയാണ്. അസീസിന് മാനസിക പ്രശ്നമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊവിഡ് മൂലമുളള സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാനാണ് അസീസ് മന്ത്രവാദം നടത്തിയതെന്നും ഇവർ പറയുന്നു.











