ഡൽഹി: കേരളത്തിന് വേണ്ടി പ്രഖ്യാപിച്ച അറുപത്തിനാലായിരം കോടി രൂപയുടെ റെയിൽ വികസന പദ്ധതിക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം കാസർകോട് റെയിൽ പദ്ധതിക്കാണ് കേന്ദ്രത്തിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അയച്ച കത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉള്ളത്. പദ്ധതിയുടെ നോഡൽ ഏജൻസിയായ കെ റെയിലിനോടാണ് ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്രം നൽകിയിരിക്കുന്നത്.
നിലവിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ റെയിൽ മാർഗ്ഗം യാത്ര ചെയ്യാൻ പന്ത്രണ്ട് മണിക്കൂർ വേണ്ടി വരും. എന്നാൽ പദ്ധതി യാഥാർത്ഥ്യമായാൽ 529.45 കിലോമീറ്റർ ദൂരം 4 മണിക്കൂർ കൊണ്ട് താണ്ടാൻ സാധിക്കും. നിലവിൽ 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെ മാത്രമാണ് എത്തിച്ചേരാൻ സാധിക്കുക. പദ്ധതി നിലവിൽ വരുന്നതോടെ ഈ ദൂരം പിന്നിടാൻ 90 മിനിട്ട് മതിയാകും.
പദ്ധതിക്ക് വേണ്ടി എഡിബി വായ്പയെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് അയച്ച മറുപടിയിലാണ് കേന്ദ്രം കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം വരുന്ന സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുമെന്നും സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കിയിരുന്നു.
പദ്ധതിക്കായി 185 ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. 530 കിലോമീറ്റർ വരുന്ന നിർദ്ദിഷ്ട പദ്ധതി പ്രകാരം 9 സ്റ്റോപ്പുകളായിരിക്കും ഉണ്ടാകുക. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.
2019ൽ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് ഒരാൾക്ക് ശരാശരി യാത്രാക്കൂലി 1457 രൂപയാണ്.












