കുടമാളൂര്‍: ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് യുവാവിനെ നഗ്നനാക്കി മര്‍ദിച്ചു. കുടമാളൂര്‍ പള്ളിക്ക് സമീപം കടവ് കുരിശുപള്ളി കവലയിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുടമാളൂര്‍ പള്ളിക്ക് സമീപം താമസിക്കുന്ന 28കാരനായ മനുമോന് സെബാസ്റ്റ്യനാണ് കരാറുകാരന്റെ മര്‍ദ്ദനമേറ്റത്. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കരാര്‍ കോണ്ട്രാക്ടര് മഹേന്ദ്രനെതിരേ സമീപവാസികള്‍ പോലീസില്‍ പരാതി നല്കി.
പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കെട്ടിട നിര്‍മാണ പണികള്‍ ചെയ്യുന്ന മനു പല വര്‍ക് സൈറ്റുകളില്‍ ദിവസങ്ങളോളം പണിയെടുത്തെങ്കിലും കൂലി മുഴുവന്‍ കിട്ടിയില്ല. ഞായറാഴ്ച കൂലി ചോദിച്ച് കരാറുകാരനെ കാണാനെത്തിയപ്പോഴാണ് മനുവിനു നേരെ ഉപദ്രവമുണ്ടായത്. ഉടുവസ്ത്രങ്ങള്‍ വലിച്ചു കീറി മനുവിനെ നടുറോഡിലിട്ട് മര്‍ദിച്ചെന്നാണ് കേസ്.
ഞായറാഴ്ച മഹേന്ദ്രന്റെ വീട് യുവാവിനെക്കൊണ്ട് വൃത്തിയാക്കിച്ചിരുന്നു. ഇതിന്റെ കൂലി നല്‍കിയില്ലെന്നാണ് പരാതി. ഇത് ചോദിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്ന് പരാതിയില്‍ പറയുന്നു.ഇതിനിടയില്‍ വാക്കത്തി ഉപയോഗിച്ച് തലയ്ക്കടിച്ചെങ്കിലും യുവാവ് ഒഴിഞ്ഞുമാറിയതിനാല്‍ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
മാത്രമല്ല, ശനിയാഴ്ച ഉച്ചയ്ക്ക് മഹേന്ദ്രന് ആയുധവുമായി റോഡിലിറങ്ങി ഭീതി സൃഷ്ടിച്ചിരുന്നതായും സമീപവാസികള്‍ നല്കിയ പരാതിയില്‍പറയുന്നു. രണ്ട് സംഭവങ്ങളുടെയും വീഡിയോ സഹിതമാണ് പരാതി കൊടുത്തത്. പൂര്ണനഗ്നനായ യുവാവിനെ പത്തു മിനിറ്റിലധികം നടുറോഡില്‍ മഹേന്ദ്രന് മര്‍ദിച്ചു. പ്രശ്നത്തില്‍ ഇടപെട്ട സമീപവാസികളെയും മഹേന്ദ്രന് ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post