വാഷിംഗ്ടൺ: ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തിയെന്ന് അമേരിക്ക. ഇന്തോ- പസഫിക് മേഖലയിലെ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമെന്നും അമേരിക്കൻ സർക്കാർ വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു. ഇന്തോ- പസഫിക് മേഖലയുടെ സുരക്ഷയിൽ ഇന്ത്യക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിരോധം, ഭീകര വിരുദ്ധത, പ്രാദേശിക സഹകരണം, സമാധാന പരിപാലനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാങ്കേതിക രംഗം, കാർഷിക മേഖല, ബഹിരാകാശ ഗവേഷണം, സമുദ്ര പര്യവേഷണം എന്നീ മേഖലകളിൽ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. നയതന്ത്ര മേഖലയിലും സുരക്ഷാ മേഖലയിലും ഇന്ത്യയുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്ര രക്ഷാസമിതിയുമായി ബന്ധപ്പെട്ട ഇന്ത്യൻ നയങ്ങളെ അമേരിക്ക സ്വാഗതം ചെയ്യുന്നതായും പ്രൈസ് വ്യക്തമാക്കി. അമേരിക്കയുടെ ഏറ്റവും അടുത്ത വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ബഹുമുഖവും വിശാലവുമായ പങ്കാളിത്തമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്നും അതിന്റെ സൂചനയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി അമേരിക്കൻ പ്രതിനിധി ബ്ലിങ്കൻ നടത്തിയ സംഭാഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അതിർത്തിയിൽ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക അപലപിച്ചു. അയൽ രാജ്യങ്ങളുമായി അതിർത്തിയിൽ നിരന്തരം ചൈന പ്രശ്നങ്ങളുണ്ടാക്കുന്നത് കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും അമേരിക്കൻ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
Discussion about this post