ഡൽഹി: രാജ്യം കൊവിഡിനെ അതിജീവിക്കുമ്പോഴും കേരളത്തിലെ സ്ഥിതി രൂക്ഷമായി തുടരുന്നു. കൊവിഡ് പ്രതിദിന മരണ നിരക്കും കേരളത്തിലാണ് കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും പ്രതിദിന കേസുകളുടെ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
രാജ്യത്തെ 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും തിങ്കളാഴ്ച ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 78 മരണങ്ങളിൽ പതിനാറും കേരളത്തിലായിരുന്നു. ആകെ മരണ സംഖ്യ അര ലക്ഷം കടന്ന മഹാരാഷ്ട്രയിൽ പോലും തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്.
തിങ്കളാഴ്ച വരെ രാജ്യത്താകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 1,43,625 പേരാണ്. ഇതിൽ 45.72 ശതമാനം പേരും കേരളത്തിലാണ്. കൊവിഡ് ബാധിച്ച് കേരളത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 65,670 ആണ്.
അതേസമയം രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിന മരണനിരക്കിൽ 55 % കുറവുണ്ടായി. അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, നാഗാലാൻഡ്, ആൻഡമാൻ, ദാദ്ര–നാഗർ ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് മരണങ്ങൾ ഇല്ല.








