ഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം.എല്‍.എ-യെ വിമര്‍ശിച്ച് ബി.ജെ.പി. എല്‍ദോസ് കുന്നപ്പിള്ളി ദേശവിരുദ്ധ ശക്തികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശിയ നിര്‍വാഹക സമതി അംഗം പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. രാജ്യത്ത് ഭൂരിഭാഗം ജനങ്ങളും രാമക്ഷേത്രം ഉയരാന്‍ ആഗ്രഹിക്കുന്നവരാണ്. ദേശ വിരുദ്ധര്‍ മാത്രമാണ് ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നതെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് എം.എല്‍.എ. സംഭാവന നല്‍കിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്. ആയിരം രൂപയാണ് എം.എല്‍.എ സംഭാവന ചെയ്തത്.
സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ എംഎല്‍എക്ക് കൈമാറുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.
എന്നാല്‍ സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും സഹായം ആവശ്യപ്പെട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് അത് നല്‍കാറുണ്ടെന്നുമായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം. തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായതോടെ എംഎല്‍എ നിലപാട് മാറ്റി. ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനാണ് സംഭാവന സ്വീകരിക്കുന്നതെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും തന്നെ പറ്റിച്ചാണ് ഒരു സംഘം ആളുകള്‍ പണം കൈപ്പറ്റിയതെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി ന്യായീകരിച്ചത്.
Discussion about this post