ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം നേടി രണ്ട് ഇന്ത്യന്‍ സര്‍വകലാശാലകള്‍. 147ാം സ്ഥാനത്തുള്ള ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, 179ാം സ്ഥാനത്തുള്ള ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് മികച്ച സര്‍വകലാശാലകളായി ക്യൂഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഇടം നേടിയത്.ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള സര്‍വകലാശാലകള്‍ മികച്ച സര്‍വകലാശാലയുടെ പട്ടികയില്‍ ഇടംനേടുന്നത്.
മികച്ച 400 സര്‍വകലാശാലകളുടെ കണക്കെടുത്താല്‍ ഇന്ത്യയില്‍നിന്നുള്ള 14 സ്ഥാപനങ്ങള്‍ ഇടംനേടിയിട്ടുണ്ട്.എംഐടി എന്നറിയപ്പെടുന്ന മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി(എംഐടി)യാണ് ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാല. രണ്ടാം സ്ഥാനം ഹാര്‍വാര്‍ഡി നും മൂന്നാം സ്ഥാനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും പങ്കിട്ടു. ലണ്ടനില്‍ നിന്ന് നാല് യൂണിവേഴ്സിറ്റികള്‍ ആദ്യ 50 സര്‍വകലാശാലകളുടെ പട്ടികയില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് . ലോകത്തിലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് സര്‍വകലാശാലകളും പാരീസ്, സിഡ്നി, ഹോങ്കോങ്, ബെയ്ജിങ് എന്നീ നഗരങ്ങളില്‍ നിന്ന് രണ്ട് യൂണിവേഴ്സ്റ്റികളും ആദ്യ 50 സര്‍വകലാശാലകളുടെ റാങ്കിങ്ങിലുണ്ട്.
ക്യുഎസ് റാങ്കിംഗിന്റെ ആദ്യ 200 സര്‍വകലാശാലകള്‍ 34 രാജ്യങ്ങളില്‍നിന്നുള്ളവയാണ്. ഇതില്‍ 49 എണ്ണം അമേരിക്കയില്‍നിന്നും 30 എണ്ണം യുകെയില്‍നിന്നുമാണ്. ഏറ്റവും കൂടുതല്‍ സര്‍വകലാശാലകള്‍ ഇടംനേടിയിരിക്കുന്നത് അമേരിക്കയില്‍നിന്നാണ്.
Discussion about this post