കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. 6100 കോടിരൂപയുടെ വികസന പദ്ധതികൾക്ക് ഇന്ന് അദ്ദേഹം തുടക്കം കുറിക്കും. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക.
ചെന്നൈയിൽ നിന്ന് 2.30 ഓടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെത്തുക. തുടർന്ന് ഹെലികോപ്റ്ററിൽ രാജഗിരി സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങും. പിന്നീട് റോഡ് മാർഗം അദ്ദേഹം അമ്പലമുകളിലെ കൊച്ചിൻ റിഫൈനറിയിലെത്തും.
റിഫൈനറീസ് ക്യാംപസ് വേദിയിൽ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. നാല് കേന്ദ്ര മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങുകൾ പൂർത്തീയാക്കി വൈകീട്ട് 5.55ഓടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.
ഇതിനിടെ സംസ്ഥാന ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 12 അംഗങ്ങൾ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.











