മുംബൈ:അശ്ലീലത അതിരുവിട്ട എഐബി നോക്കൗട്ട് ഷോയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ബോളിവുഡിലെ പ്രമുഖനടന്‍മാരും സംവിധായകരും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച 90 മിനിറ്റ് ഷോ കഴിഞ്ഞ മാസം വര്‍ളിയിലെ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ സ്‌റ്റേഡിയത്തിലാണു നടന്നത്. ഇതിന്റെ വിഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായതിനെത്തുടര്‍ന്നാണു ഷോയിലെ അസഭ്യ സംഭാഷണങ്ങളെച്ചൊല്ലി പ്രതിഷേധം ഉയര്‍ന്നത്. നാല് ദിവസം കൊണ്ട് നാല്‍പത് ലക്ഷത്തോളം പേരാണ് യൂ ടൂബില്‍ ഈ വിഡിയോ കണ്ടത്.
ഷോയെക്കുറിച്ചുഅന്വേഷിക്കുകയാണെന്നും അശ്ലീലം ആണെന്നു വ്യക്തമായാല്‍ നടപടി ഉണ്ടാകുമെന്നും സാംസ്‌കാരിക മന്ത്രി വിനോദ് താവ്‌ഡെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ബ്രാഹ്മിന്‍ ഏക്താ സേവ സന്‍സ്ത എന്ന സംഘടനയുടെ പരാതിയില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍, നടന്‍മാരായ അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കുന്നതും യുവാക്കളെ വഴിതെറ്റിക്കുന്നതുമായ സംഭാഷണങ്ങളാണു ഷോയില്‍ ഉള്ളതെന്നു സാക്കിനാക്ക പൊലീസിനു ഏക്ത സേവ സന്‍സത് നല്‍കിയ പരാതിയില്‍ പറയുന്നു. കരണ്‍ ജോഹറും അര്‍ജുന്‍ കപൂറും രണ്‍വീര്‍ സിങ്ങും പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ ഇവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി രാജ് താക്കറെയുടെ എംഎന്‍എസും രംഗത്തെത്തി.
സോഷ്യല്‍ മീഡിയകളിലും ഷോയെ കുറിച്ച് ചേരിതിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് അംഗം അശോക് പണ്ഡിറ്റ് ഷോയില്‍ ഭാഗഭാക്കായ സംവിധായകന്‍ കരണ്‍ ജോഹറിനു നേരെ ട്വിറ്ററില്‍ അസഭ്യവര്‍ഷംതന്നെ നടത്തി.
സാംസ്‌കാരിക മലിനീകരണമാണു ഷോയിലെ ഉള്ളടക്കമെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ ഷോയ്ക്ക് അനുകൂലമായി പ്രതികരിച്ചവരില്‍ ജനപ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തും ഉള്‍പ്പെടുന്നു. ബോളിവുഡിലെ പ്രമുഖ നടന്‍മാര്‍ക്കു പുറമേ നടിമാരായ ദീപിക പദുക്കോണ്‍, സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട് തുടങ്ങിയവരും ഷോയില്‍ പങ്കെടുത്തിരുന്നു.
Discussion about this post