കോഴിക്കോട്: ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോയ പൊലീസുകാരെ ആക്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അശോകൻ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലും പ്രതിയാണ്.
പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അശോകനടക്കം കണ്ടാലറിയാവുന്ന അൻപതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റ്യാടി നിട്ടൂരിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്.
സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സാരമായ പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പൊലീസ് ജീപ്പും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post