ചെന്നൈ: രണ്ടാം ചെന്നൈ ടെസ്റ്റിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഇന്ത്യയുടെ രക്ഷകനായി രവിചന്ദ്രൻ അശ്വിൻ. സ്വന്തം കാണികൾക്ക് മുന്നിൽ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറി നേടിയ അശ്വിന്റെ കരുത്തിൽ ഇന്ത്യ സന്ദർശകർക്കായി 482 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെച്ചു.
ചെന്നൈയിലെ നിലവിലെ സാഹചര്യത്തിൽ ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് തോൽവി മണക്കുകയാണ്. 53 റൺസ് എടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നായകൻ ജോ റൂട്ടും ഡാൻ ലോറൻസുമാണ് ക്രീസിൽ.
സ്പിന്നർമാരെ വഴിവിട്ട് സഹായിക്കുന്ന പിച്ചിൽ ഇന്ത്യക്ക് മൂന്നാം ദിനം രാവിലെ തകർച്ച നേരിട്ടു. മുൻനിര അതിവേഗം കൂടാരം കയറിയപ്പോൾ അശ്വിൻ സെഞ്ചുറിയുമായി ഇന്ത്യയുടെ രക്ഷകനായി. ക്യാപ്റ്റൻ കോലി 62 റൺസുമായി അശ്വിന് ഉറച്ച പിന്തുണ നൽകി. അശ്വിൻ 106 റൺസ് നേടിയതോടെ ഇന്ത്യ 286 റൻസ് എന്ന മികച്ച സ്കോറിലെത്തി. ഇംഗ്ലീഷ് സ്പിന്നർമരായ മോയിൻ അലിയും ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം നേടി.
രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ഇംഗ്ലണ്ട് വിയർക്കുകയാണ്. ഡൊമിനിക് സിബ്ലിയെയും ജാക്ക് ലീച്ചിനെയും അക്സർ പട്ടേൽ മടക്കിയപ്പോൾ 25 റൺസെടുത്ത റോറി ബേൺസിനെ അശ്വിൻ പുറത്താക്കി.
രണ്ട് ദിവസവും 7 വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 429 റൺസ് കൂടി വേണം.
Discussion about this post