തിരുവനന്തപുരം: ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ ചിത്രം ദൃശ്യം 2 ഗംഭീര അഭിപ്രായവുമായി മുന്നേറുന്നു. രാത്രി 12.00 മണിക്കായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഒന്നാം ഭാഗവുമായുള്ള താരതമ്യം വ്യർത്ഥമാണെന്നും തികച്ചും പുതുമയുള്ള ഫാമിലി ത്രില്ലറാണ് ചിത്രമെന്നും നിരൂപകർ അവകാശപ്പെടുന്നു.
പ്രണവ് മോഹൻലാൽ നായകനായ ആദിക്ക് ശേഷം ജിത്തു ജോസഫിന്റെ മികച്ച തിരക്കഥയാണ് ദൃശ്യം 2 എന്നാണ് റിപ്പോർട്ട്. കുടുംബ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ഒന്നാം പകുതിയും ആവേശം നിറയ്ക്കുന്ന രണ്ടാം പകുതിയും എന്ന ദൃശ്യത്തിന്റെ പാറ്റേൺ തന്നെയാണ് ഇവിടെയും സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ഗംഭീര പ്രകടനത്തിനൊപ്പം മുരളി ഗോപിയുടെ കഥാപാത്രം കൂടി എത്തുന്നതോടെ തികച്ചും പുതുമയുള്ള ഒരു മേഖലയിലേക്ക് പോകുന്ന ചിത്രം പ്രേക്ഷകരിൽ ആവേശം വിതറുകയാണ് എന്നാണ് റിപ്പോർട്ട്.
അതേസമയം റിലീസിന് രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവര്‍ത്തകർ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയാണ്. ചിത്രം അനധികൃതമായി പ്രദർശിപ്പിക്കുന്ന ടെലിഗ്രാം ഗ്രൂപ്പുകൾ പൂട്ടിക്കഴിഞ്ഞു. വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നവരെ കുടുക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് അണിയറ പ്രവർത്തകരും പൊലീസും ഏർപ്പെടുത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടാൽ വൻ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി ആന്റണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ചിത്രം ഒടിടി റിലീസ് ചെയ്തതെന്ന് നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു.












