അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പേറേഷനില്‍ വന്‍ നേട്ടമുണ്ടാക്കി ബിജെപി. ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ഭരണം നിലനിര്‍ത്തിയ ബിജെപി ഇത്തവണയും ആധിപത്യം നേടി. അതേസമയം കോണ്‍ഗ്രസിന് മൂന്നക്കം കടക്കാന്‍ പോലും സാധിച്ചില്ല. 576 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഇവിടെ ഒരു സീറ്റുപോലും സ്വന്തമാക്കാനായില്ല.
ആകെയുള്ള 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഉം കോണ്‍ഗ്രസിന് 51 ഉം സീറ്റുകളിലാണ് ജയിച്ചത്. 20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്. സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്.
ഞായറാഴ്ച രാവിലെ ഏഴിനും വൈകിട്ട് ആറിനും ഇടയില്‍ നടന്ന വോട്ടെടുപ്പില്‍ ശരാശരി 46.08 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജാംനഗറില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് -53.38 ശതമാനം. ഏറ്റവും കുറവ് അഹമ്മദാബാദില്‍- 42.51 ശതമാനം. രാജ്കോട്ടില്‍ 50.72 ശതമാനവും ഭാവ് നഗറില്‍ 49.46 ശതമാനവും വഡോദരയില്‍ 47.84 ശതമാനവും സൂറത്തില്‍ 47.14 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.
Discussion about this post