തിരുവനന്തപുരം: പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവും പിഎസ്.സി സമരത്തിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു റിജു. എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധിയാണ് ലയ രാജേഷ്.
ഇരുവരും ഒരുമിച്ചാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയനിര്‍വാഹകസമിതി അംഗവുമായ ശോഭാ സുരേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ചത്. ഇരുവരും വീട്ടിലെത്തിയ ഫോട്ടോ ശോഭാ സുരേന്ദ്രന് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സമരം പിന്‍വലിച്ചതിന് പിന്നാലെയാണ് ഇരുവരും ശോഭയുടെ വീട്ടിലെത്തിയത്.
സെക്രട്ടറിയറ്റിന് മുന്നില്‍ പിഎസ്.സി ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുമ്പോൾ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് റിജു നടത്തിയ പ്രതിഷേധം ശ്രദ്ധേയമായിരുന്നു. തുടർന്ന് സമരത്തിന്റെ നേതൃനിരയിലേക്ക് റിജു കടന്നു വരികയായിരുന്നു.
പി എസ് സി സമരത്തിന് തുടക്കം മുതലേ ബിജെപി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എബിവിപിയും യുവമോർച്ചയും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുണ്ടായിരുന്നു.
Discussion about this post