കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്നു സൗജന്യ പാചക വാതക കണക്ഷന്. ഗാര്‍ഹിക മലിനീകരണം കുറക്കുമെന്നതിനാലും സ്ത്രീകളുടെ ആരോഗ്യത്തെ സംരക്ഷിക്കുമെന്നതിനാലും അന്താരാഷ്ട്ര തലത്തില്‍ പദ്ധതി ഏറെ പ്രശംസ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി പുതിയ കണക്ഷനുകള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ആവശ്യക്കാര്‍ക്ക് സൗജന്യമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള നിബന്ധനകളിലും ഇളവ് സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. രാജ്യത്തെ ക്ലീന്‍ ഫ്യൂവല്‍ ഇന്‍ഡക്സ് 100 ശതമാനത്തിലേക്കെത്തിക്കുക എന്നതു കൂടി ലക്ഷ്യം വെക്കുന്നതാണ് പുതിയ പദ്ധതി. അഡ്രസ് രേഖകള്‍ നിര്‍ബന്ധമില്ലാതെ കുറഞ്ഞ രേഖകളുടെ അടിസ്ഥാനത്തില്‍ കണക്ഷന് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുകയെന്ന് ഓയില്‍ സെക്രട്ടറി തരുണ്‍ കപൂര്‍ പറഞ്ഞു.
സിലിണ്ടര്‍ നിറക്കുന്നതിന് ഒരു ഏജന്‍സിയെ മാത്രം ആശ്രയിക്കുന്നതിന് പകരം അടുത്തുള്ള മൂന്ന് ഏജന്‍സികളില്‍ നിന്നും ഇനി മുതല്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യാനും സാധിക്കും. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നിര്‍ധനരായ എട്ട് കോടി കുടുംബങ്ങള്‍ക്കാണ് സുജന്യമായി പാചക വാതക കണക്ഷന് നല്‍കിയത്. വാര്‍ത്ത ഏജന്‍സിയായ പിടിഐയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ പാചക വാതക ഉപഭോക്താക്കളുടെ എണ്ണം 29 കോടിയോളം ആകും.
‘പ്രധാന മന്ത്രി ഉജ്ജ്വല യോജന’യിലൂടെ ഒരു വര്‍ഷംകൊണ്ട് ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കുമെന്ന് കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഒരു കോടി കണക്ഷനുകള്‍ രണ്ട് വര്‍ഷം കൊണ്ട് നല്കുവാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. 2021-22 ബജറ്റില്‍ പണം വകയിരുത്തിയില്ലെങ്കിലും കണക്ഷന് 1600 രൂപ നിരക്കില്‍ ചിലവിടാന്‍ നിലവിലെ സബ്സിഡി നിര്‍ണ്ണയം പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഗ്യാസ് കണക്ഷന് ഉപയോഗിക്കാത്തവരും പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുമായ ആളുകളെ സംബന്ധിച്ച ഒരു കണക്ക് കയ്യിലുണ്ട്, ഇത് ഒരു കോടിക്കടുത്ത് വരും. ഉജ്ജ്വല പദ്ധതി വിജയകരമായി നടപ്പാക്കുന്നതോടെ പാചക വാതകം ഉപയോഗിക്കാത്ത കുടുംബങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുമെന്നും പുതിയ പദ്ധതി കൂടി നടപ്പാകുന്നതോടെ ഉപയോഗം ഏതാണ്ട് 100 ശതമാനത്തോടടുക്കുമെന്നു അദ്ദേഹം പറഞ്ഞു. ഒരു കോടി എന്ന വലിയ എണ്ണത്തില്‍ നല്ലൊരു വിഭാഗം അവരുടെ ജോലി സംബന്ധമായി നഗരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായോ മറ്റു കാരണങ്ങളാലോ പാചക വാതക കണക്ഷന് അനിവാര്യമായവരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post