പെരിയ ∙ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തി. കൊലപാതകം നടന്ന കല്യോട്ടിനു സമീപത്തെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് റെയ്ഡ്. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ് നടന്നത്.കേസിൽ ആരോപണ വിധേയരായ പ്രാദേശിക സിപിഎം നേതാക്കളെയും പ്രവർത്തകരെയും ചോദ്യം ചെയ്യും . ഇതിനായി നോട്ടിസ് നല് കി കഴിഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകത്തിനു ശേഷം പാര്ട്ടി ഓഫീസ് തുറക്കാറില്ല. ഏറെ നാളായി തുറക്കാത്ത ഓഫിസ്, പാർട്ടി ഭാരവാഹികളെ വിളിച്ചു വരുത്തി സിബിഐ സംഘം തുറപ്പിക്കുകയായിരുന്നു .
ഇരട്ടക്കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതും അക്രമി സംഘം എത്തിയതും സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചാണെന്ന് ആരോപണമുയർന്നിരുന്നു. ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലും ഉദുമയിലെ പഴയ ഏരിയാ കമ്മിറ്റി ഓഫിസിലും സിബിഐ സംഘം കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു.











