കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന 26-ാമത് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ചിത്രത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിമാറ്റി പോസ്റ്റ് ചെയ്ത പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നീക്കം വൻ വിവാദത്തിലേക്ക്. ലോകനേതാക്കൾ ഒന്നിച്ചുള്ള ചിത്രത്തിന്റെ ഇരുവശങ്ങളും ക്രോപ്പ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെയുമടക്കം ഒഴിവാക്കിയാണ് പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസ് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ചത്. എന്നാൽ ഈ നടപടി വലിയ ചർച്ചകൾക്കും നയതന്ത്ര തലത്തിലെ വിമർശനങ്ങൾക്കും വഴിവെച്ചതോടെ, മണിക്കൂറുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എല്ലാ ലോകനേതാക്കളും അടങ്ങിയ ഒറിജിനൽ ചിത്രം തന്നെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്വന്തം അക്കൗണ്ടിലൂടെ പങ്കുവെച്ച് മുഖംരക്ഷിക്കാൻ ശ്രമിച്ചു.
പാകിസ്ഥാന്റെ ഈ ബാലിശമായ നടപടിക്കെതിരെ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഫോട്ടോയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിമാറ്റാൻ പാകിസ്ഥാന് കഴിഞ്ഞേക്കുമെന്നും എന്നാൽ പ്രധാനമന്ത്രി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് തന്നെ ഇസ്ലാമാബാദിനെ മായ്ച്ചുകളയാൻ സാധിക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചു. ഇത്തരം തരംതാണ നീക്കങ്ങളിലൂടെ 140 കോടി ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് നരേന്ദ്ര മോദിയെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വേദികളിൽ സ്വയം പരിഹാസ്യരാവുന്ന സമീപനമാണ് പാകിസ്ഥാന്റേതെന്നും അവരുടെ ആഴത്തിലുള്ള അപകർഷതാബോധമാണ് ഇത്തരം ചെയ്തികളിലൂടെ പുറത്തുവരുന്നതെന്നും മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും സംയുക്തമായി പോരാടണമെന്നും ഷെഹ്ബാസ് ഷെരീഫിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെയും വേദിയിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ തുറന്നടിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പാകിസ്ഥാന്റെ ഈ വിവാദ നീക്കം.












