അഹമ്മദാബാദ്: മദ്ധ്യനിരയുടെയും വാലറ്റത്തിന്റെയും കരുത്തിൽ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റ് കൈയ്യിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 89 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.
118 പന്തില്‍ 101 റണ്‍സടിച്ച ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ലീഡ് നേടിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 17 റണ്‍സെടുത്ത പൂജാരയെ വൈകാതെ നഷ്ടമായി. പുജാരക്ക് പിന്നാലെ നായകൻ വിരാട് കോഹ്ലി ഡക്കായി മടങ്ങി.
തുടർന്ന് രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യൻ സ്കോർ 50 കടത്തി. 27 റൺസുമായി രഹാനെ മടങ്ങി. രോഹിത് 49 റൺസുമായി ചെറുത്തു നിന്നു. 12 റൺസുമായി അശ്വിനും മടങ്ങിയതോടെ ഇന്ത്യ 146/6 എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ വന്ന ഋഷഭ് പന്ത് ഇംഗ്ലണ്ടിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. 82 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പന്ത് പിന്നീട് 32 പന്തില്‍ സെഞ്ചുറിയിലെത്തി. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ പന്ത് മടങ്ങി. തുടർന്ന് പോരാട്ടം ഏറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ അപരാജിതമായ 60 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 11 റൺസുമായി അക്സർ പട്ടേലാണ് കൂട്ട്.
ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ മൂന്നും സ്റ്റോക്സ്, ലീച്ച് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പെഷ്യലിസ്റ്റ് സ്പിന്നർ ഡോം ബെസ്സിന് വിക്കറ്റൊന്നും നേടാനായില്ല എന്നത് നാണക്കേടായി.
Discussion about this post