വാഷിംഗ്ടൺ: ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഈ മാസം ഇന്ത്യ സന്ദർശിക്കും.
ജോ ബൈഡൻ ഭരണകൂടത്തിൽ നിന്നും ഇന്ത്യ സന്ദർശിക്കുന്ന ആദ്യ വ്യക്തിയായിരിക്കും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. കഴിഞ്ഞ ജനുവരിയിൽ പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗുമായി ഓസ്റ്റിൻ ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് അന്ന ഇരുവരും സംസാരിച്ചിരുന്നു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളും ആശയം പങ്കു വെച്ചത്.
ഇന്തോ പസഫിക് മേഖല സ്വതന്ത്രവും സുതാര്യവുമായിരിക്കാൻ ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണെന്ന് അമേരിക്ക നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ കൈക്കൊള്ളുന്ന നടപടികളെ പിന്തുണയ്ക്കുമെന്ന് പെന്റഗൺ മാധ്യമ സെക്രട്ടറി ജോൺ കിർബി വ്യക്തമാക്കിയിരുന്നു.
Discussion about this post