ഡൽഹി: ബട്ലാ ഹൗസ് ഏറ്റുമുട്ടലിൽ ഇന്ത്യൻ മുജഹിദ്ദീൻ ഭീകരൻ ആരിസ് ഖാൻ കുറ്റവാളിയെന്ന് കോടതി. കേസിൽ മാർച്ച് പത്തിന് ശിക്ഷ വിധിക്കുമെന്നും ഡൽഹി കോടതി അറിയിച്ചു.
വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഉണ്ടാകണമെന്ന് കാട്ടി കഴിഞ്ഞ ദിവസം സാകേത് കോടതി ജുനൈദ് എന്ന ആരിസ് ഖാനെതിരെ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബട്ലാ ഹൗസ് ഏറ്റുമുട്ടൽ സമയത്ത് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ആരിസ് ഖാനെ 2018ലാണ് പൊലീസ് പിടികൂടിയത്.
ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ബട്ലാ ഹൗസിൽ മറ്റ് നാല് ഭീകരരോടൊപ്പം ആരിസ് ഖാനും ഉണ്ടായിരുന്നു. അതീഫ് അമീൻ, മുഹമ്മദ് സാജിദ് എന്നീ ഭീകരർ അന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് സെയ്ഫ്, സീഷാൻ എന്നിവരെ പിന്നീട് പിടികൂടിയിരുന്നു.
2008 സെപ്റ്റംബർ മാസത്തിലായിരുന്നു ഡൽഹിയിലെ ബട്ലാ ഹൗസിൽ സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബട്ലാ ഹൗസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഷെഹ്സാദ് അഹമ്മദ് എന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരനെ 2013ൽ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.










