കൊച്ചി: തീവണ്ടികളിലെ എ.സി കോച്ചുകളില്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് സമയ നിയന്ത്രണം. തീപിടുത്ത സാദ്ധ്യത കണക്കിലെടുത്ത് ചാര്‍ജറുകള്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ നിര്‍ബന്ധമായും ഓഫ് ചെയ്തിടണമെന്ന് റെയിൽവേ നിർദ്ദേശം നൽകി.
നേരത്തെ തന്നെ ഇക്കാര്യം റെയിൽവേ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പല തീവണ്ടികളിലും ഇത് പാലിക്കാറില്ല. തുടര്‍ന്നാണ് നിബന്ധന കര്‍ശനമാക്കിയത്. ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ എ.സി മെക്കാനിക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ദക്ഷിണ റയില്‍വേ കഴിഞ്ഞ ദിവസങ്ങളിൽ താക്കീത് നല്‍കിയിരുന്നു. എന്നിട്ടും ഇതില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ മിന്നല്‍പ്പരിശോധനകള്‍ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കാനുമാണ് റെയിൽവേയുടെ തീരുമാനം.








