പാലക്കാട്: പാലക്കാട് ജില്ലയില്‍ വന്‍ ലഹരിമരുന്നു വേട്ട. ജില്ലയിലെ വിവിധയിടങ്ങളില്‍ ജില്ലാ ലഹരി വിരുദ്ധ സേനയും ജില്ലാ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വ്യത്യസ്ത ലഹരിമരുന്നുകളുമായി മൂന്നുപേര്‍ അറസ്റ്റിലായി.ഇതില്‍ ഒരാള്‍ ലക്ഷദ്വീപുകാരനാണ്.
165 ഗ്രാം കഞ്ചാവുമായി കോഴിക്കോട് പയ്യോളി സ്വദേശി റിയാസി(40)നെ വാളയാര്‍ പോലീസ് അറസ്റ്റു ചെയ്തു. 30 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂര്‍ പെരുമ്പിലാവ് സ്വദേശി സനു (19)വിനെ ഡാന്‍സാഫ് സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി.
പാലക്കാട് ടൗണില്‍ ടൗണ്‍ നോര്‍ത്ത് പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് 100 ഗ്രാം കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയുമായി ലക്ഷദ്വീപ് സ്വദേശി അറസ്റ്റിലായത്. മിനിക്കോയ് ദ്വീപുകാരനായ മുഹമ്മദ് മണിക് ഫാന്‍(28) ആണ് പിടിയിലായത്.












